മസ്‌കത്ത്: ഒമാനില്‍ മഴ ശക്തമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. പരീക്ഷകളും മാറ്റിവച്ചു.
മസ്‌കത്തിലെ പഴയ വിമാനത്താവളം കെട്ടിടത്തിലെ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. ഗുബ്രയില്‍ വാദിയില്‍ അകപ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി. നിസ്വ റോഡില്‍ ജിഫ്‌നൈനില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ആമിറാത് – ബൗഷര്‍ ചുരം റോഡ് റോയല്‍ ഒമാന്‍ പൊലീസ് അടച്ചു. വെള്ളം കയറിയ മറ്റു ചില പ്രദേശങ്ങളിലും പൊലീസ് ഗതാഗതം വിലക്കിയിട്ടുണ്ട്.
വടക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെല്ലാം മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. കനത്ത മഴയെ തുടര്‍ന്നു വ്യാപാര സ്ഥാപനങ്ങള്‍ പലതും തുറന്നില്ല. മഴ തുടരുമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.