തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് പുറത്തു വിവാദം കത്തി നില്‍ക്കെ, രാജ്ഭവന്‍ വളപ്പിനുള്ളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പശു പരിചരണത്തിലാണ്. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ മുന്‍കൈ എടുത്ത് രണ്ടു വെച്ചൂര്‍ പശുക്കളെയും 10 ആടുകളെയും രാജ്ഭവനില്‍ എത്തിച്ചു. ഇവയെ പരിപാലിക്കലാണ് ഒഴിവു സമയങ്ങളില്‍ ഗവര്‍ണറുടെ ഇപ്പോഴത്തെ പ്രധാന വിനോദം.
രാജ്ഭവനില്‍ ആവശ്യമായ പാല്‍ പുറത്തു നിന്നു വാങ്ങുകയാണിപ്പോള്‍. വേണ്ടത്ര സ്ഥലവും സൗകര്യവുമുള്ളപ്പോള്‍ അവ പ്രയോജനപ്പെടുത്താമെന്ന ആശയം ഗവര്‍ണര്‍ തന്നെയാണ് മുന്നോട്ടുവച്ചത്. പശുവിനെയും ആടുകളെയും വാങ്ങാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി ഫാമില്‍ നിന്നാണു ഇവയെ എത്തിച്ചത്. കറവയുള്ള പശുക്കളാണ്. പശുക്കുട്ടികളും ഒപ്പമുണ്ട്. കൂട് ഉള്‍പ്പെടെ 20 കോഴികളെയും എത്തിച്ചു.
ഇവയുടെ പരിപാലനം സംബന്ധിച്ച് രാജ്ഭവന്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കാന്‍ വെറ്ററിനറി സര്‍വകലാശാലയില്‍ നിന്ന് അസിസ്റ്റന്റ് പ്രഫസര്‍മാരും സീനിയര്‍ ഫാം സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.