അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7000 രൂപയില്‍ താഴെ. എന്നാല്‍ മൂന്നിരട്ടിയിലേറെ തുക നല്‍കിയാലേ യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് ലഭിക്കൂ. തിരക്കു കുറഞ്ഞ സമയമായതും ഒമിക്രോണ്‍ ഭീതിയില്‍ യാത്ര ചെയ്യാന്‍ പലരും മടിക്കുന്നതുമാണ് യുഎഇ-ഇന്ത്യാ സെക്ടറില്‍ തിരക്കും നിരക്കും കുറയാന്‍ കാരണം.
എന്നാല്‍ ക്രിസ്മസ്, പുതുവര്‍ഷ അവധിക്കു നാട്ടിലേക്കു പോയവരുടെ തിരിച്ചുവരവ് മുന്നില്‍കണ്ടാണ് ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. കൂടാതെ എക്സ്പോ 2020 ഉള്‍പ്പെടെ രാജ്യാന്തര പരിപാടികള്‍ കാണാനും ബിസിനസിനും വിനോദസഞ്ചാരത്തിനും തൊഴില്‍ അന്വേഷണത്തിനുമായി യുഎഇയിലേക്ക് വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനു ആനുപാതികമായി വിമാന സര്‍വീസില്ലാത്തതാണ് ഈ സെക്ടറിലെ നിരക്ക് കുറയാത്തതെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു.
ദുബായില്‍നിന്ന് നാളെ കൊച്ചിയിലേക്കു എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ 6500 രൂപ (320 ദിര്‍ഹം) മതി. എയര്‍ അറേബ്യ (ഷാര്‍ജയില്‍നിന്ന്) 6750, സ്പൈസ് ജെറ്റ് 6850, ഇന്‍ഡിഗോ 6950, എയര്‍ ഇന്ത്യാ എക്സ്പ്രസ് 7200, ഫ്ലൈ ദുബായ് 10,750, എമിറേറ്റ്സ് 12,700 രൂപ എന്നിങ്ങനെയാണ് നിരക്ക്.