ചെന്നൈ: ജോലിവാഗ്ദാനംചെയ്ത് മൂന്നുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുന്‍ മന്ത്രി കെ.ടി. രാജേന്ദ്രബാലാജിയെ കര്‍ണാടകയില്‍നിന്ന് തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. ഹസന്‍ ജില്ലയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം രാജേന്ദ്രബാലാജിയെ പിടികൂടിയത്.
20 ദിവസത്തോളമായി ഒളിച്ചുകഴിയുകയായിരുന്നു മുന്‍മന്ത്രി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ വളഞ്ഞ് സാഹസികമായാണ് പോലീസ് പിടികൂടിയത്. അദ്ദേഹത്തെ സഹായിച്ച രണ്ട് രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ വിരുദുനഗറിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.
എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ക്കുപുറമേ ബി.ജെ.പി. നേതാക്കളില്‍ ചിലരും രാജേന്ദ്രബാലാജിയെ സഹായിച്ചതായാണ് സൂചന. രണ്ട് മുന്‍മന്ത്രിമാരും സഹായിച്ചെന്ന് വിവരമുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ ക്ഷീരവികസനവകുപ്പ് മന്ത്രിയായിരിക്കെ വിവിധ വകുപ്പുകളില്‍ ജോലിവാഗ്ദാനംചെയ്ത് മൂന്നുകോടി രൂപ തട്ടിയെടുത്തെന്നാണ് രാജേന്ദ്രബാലാജിയുടെ പേരില്‍ പരാതിയുള്ളത്. അടുത്തകാലത്തായി വേറെയും ചിലര്‍ പരാതികളുമായി രംഗത്തുവന്നിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞമാസം 17-നാണ് രാജേന്ദ്രബാലാജി ഒളിവില്‍പ്പോയത്. എട്ട് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ച് അദ്ദേഹത്തെ തേടിവന്ന പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന് അടുപ്പമുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. ഒളിവില്‍ക്കഴിയാന്‍ സഹായിച്ച ചിലരെ കഴിഞ്ഞയിടെ പോലീസ് അറസ്റ്റുചെയ്തിരുന്നു.