റിയാദ് :സാധാരണവേഷത്തിലുള്ള ഗള്‍ഫിലെ ഭരണാധികാരികളുടെ ചിത്രം വൈറലായി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരാണു പരമ്പരാഗത വേഷവിധാനമോ, ഔദ്യോഗിക പരിവേഷമോ ഇല്ലാതെ സൗഹൃദ കൂടിക്കാഴ്ച നടത്തിയത്. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഷോര്‍ട്സും കാഷ്വല്‍ ഷേര്‍ട്ടും മറ്റു രണ്ടു പേരും ഷോര്‍ട്സും ടി ഷേര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.
സൗദി കിരീടാവകാശിയുടെ പ്രൈവറ്റ് ഓഫിസ് ഡയറക്ടര്‍ ബദര്‍ അല്‍ അസാകര്‍ ആണ് ട്വിറ്ററിലൂട ചിത്രം പുറത്തുവിട്ടത്. സൗദിയിലെ ചെങ്കടല്‍ തീരത്ത് സൗഹൃദ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഹമ്മദ് ബിന്‍ സല്മാന്, ഷെയ്ഖ് തമീം ബിന്‍ ഹമദ്, ഷെയ്ഖ് തഹ്നൂന് ബിന്‍ സായിദ് എന്നിവര്‍ എന്ന് അദ്ദേഹം കുറിച്ചു. ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. ഒട്ടേറെ പേര് ചിത്രം പങ്കുവച്ചു.
സൗദി അറേബ്യയും ഖത്തറും നാലു വര്‍ഷം നീണ്ട പിണക്കങ്ങള്‍ മറന്ന് അല്‍ ഉല ജിസിസി ഉച്ചകോടിയില്‍ ഒന്നിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഖത്തര്‍ ഭരണാധികാരി സൗദിയിലെത്തുന്നത്.