തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ 2020ല്‍ സസ്‌പെന്‍ഡ് ചെയ്തത്.
ആദ്യ സസ്‌പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിനു മുന്‍പായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ 6 മാസത്തേക്കു നീട്ടുകയായിരുന്നു. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെന്‍ഡ് ചെയ്തത്.