കൊല്‍ക്കത്ത: ബംഗാളില്‍, കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ, ആറു വയസ്സില്‍ത്താഴെയുള്ള നൂറുകണക്കിനു കുട്ടികള്‍ക്കു കോവിഡ് ബാധിച്ചതോടെ കുട്ടികള്‍ക്കും കോവിഡ് വാക്‌സീന്‍ വിതരണം ചെയ്യണമെന്ന് ആവശ്യമുയരുന്നു. ശ്വാസതടസ്സവും ക്ഷീണവും അടക്കമുള്ള ലക്ഷണങ്ങളോടെയാണു പല കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു വയസ്സില്‍ താഴെയുള്ള ഒട്ടേറെ കുട്ടികളും രോഗ ബാധിതരില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് 15-17 വയസ്സുള്ള കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണം തിങ്കളാഴ്ചയാണു തുടങ്ങിയത്. 12-14 വയസ്സു പ്രായമുള്ളവര്‍ക്കാകും ഇനി വാക്‌സീന്‍ നല്‍കുക. അതുകൊണ്ടുതന്നെ, ആറു വയസ്സില്‍ താഴെയുള്ളവര്‍ക്കു വാക്‌സീന്‍ ലഭിക്കാന്‍ ഇനിയും മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും.
വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്കാണ് മൂന്നാം തരംഗത്തില്‍ കോവിഡ് ബാധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, കുട്ടികളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്കു രോഗലക്ഷണങ്ങള്‍ അതിതീവ്രമാകുന്നില്ല എന്നതാണ് ആശ്വാസം.
വാക്‌സീന്‍ സ്വീകരിക്കാത്ത വിഭാഗം ആയതിനാല്‍ കുട്ടികളും കൗമാരക്കാരുമാണു മൂന്നാം തരംഗത്തില്‍ കൂടുതല്‍ ജാഗരൂകരായിരിക്കേണ്ടതെന്ന് കൊല്‍ക്കത്തയില്‍ പീഡിയാട്രീഷ്യനായ ഡോ. ശന്തനു റായ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘ഏപ്രില്‍- മേയ് മാസത്തെ രണ്ടാം തരംഗത്തില്‍, കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായിരുന്നു. ഇപ്പോള്‍ കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്കു നേരിയ രോഗ ലക്ഷണങ്ങളേയുള്ളൂ. എന്നാല്‍ ചിലരില്‍ ഓക്‌സിജന്റെ അളവു താഴുന്നത് ആശങ്കാ ജനകമാണ്. 12-15 പ്രായവിഭാഗത്തിലുള്ളവര്‍ക്കും വാക്‌സീന്‍ വിതരണം ചെയ്യുകയാകും ഉചിതം’- ശന്തനു റായ് പറഞ്ഞു.