തിരുവനന്തപുരം: കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഞായറാഴ്ചയാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പത്തുലക്ഷം ടിക്കറ്റുകളാണ് കൂടുതലായി വിറ്റത്.
തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.
ടിക്കറ്റുകള്‍ വിറ്റഴിച്ച് ഭാഗ്യക്കുറി വകുപ്പ് നേടിയത് 126.57 കോടി രൂപയാണ്. ഇതില്‍ മൊത്തം 30.55 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് 103 കോടി രൂപ മൊത്തം വരുമാനവും 23 കോടി രൂപ ലാഭവും നേടിയിരുന്നു.
നറുക്കെടുപ്പില്‍ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര്.ജയപ്രകാശിനു നല്കി നിര്‍വഹിക്കും. രണ്ടാം സമ്മാനമായി ആറുപേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ്.