പാലക്കാട്: സംസ്ഥാനത്ത് ബി.എസ്.6 പെട്രോള്‍, സി.എന്‍.ജി., എല്‍.പി.ജി. വാഹനങ്ങളുടെ പുകപരിശോധന അവതാളത്തില്‍. കേന്ദസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്സൈറ്റില്‍ ഡിസംബര്‍ 9-ന് വരുത്തിയ ഭേദഗതിക്കനുസരിച്ച് ‘ലാംബ്ഡ’ വാതകപരിശോധനകൂടി നടത്തിയാലേ പരിവാഹന്‍ സൈറ്റില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. ഇന്ധനം കത്തുമ്പോഴുള്ള ഓക്സിജന്റെ അനുപാതമാണ് ഇതില്‍ അളക്കുന്നത്.
സംസ്ഥാനത്തെ പുകപരിശോധനാ കേന്ദ്രങ്ങളില്‍ ഇത് പരിശോധിക്കാന്വേണ്ട ഗുണമേന്മയുള്ള ഉപകരണങ്ങളില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഗുണമേന്മയില്ലാത്ത ഉപകരണങ്ങളുപയോഗിച്ച് വ്യാജമായ സര്‍ട്ടിഫിക്കറ്റുകള്‍ ചില സ്ഥാപനങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു, തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം പുകപരിശോധന ഉപകരണങ്ങളെക്കുറിച്ചും അതിന്റെ ഗുണമേന്മയെക്കുറിച്ചും പഠിക്കുവാനായി പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ജയേഷിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചു.
സമിതി പുകപരിശോധനാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെയും പരിശോധനാകേന്ദ്രങ്ങളുടെയും യോഗം വിളിച്ചു. മൊത്തത്തില്‍ 11 കമ്പനികളുള്ളതില്‍ ആറ് കമ്പനികള്‍ പാലക്കാട് നടന്ന യോഗത്തില്‍ പങ്കെടുത്തു. ‘ലാംബ്ഡ’ പരിശോധനയ്ക്ക് ഇവര്‍ക്ക് വൈദഗ്ധ്യമില്ലെന്നാണ് സമിതിക്ക് പരിശോധനയില്‍ ബോധ്യമായത്. 2020 ജനുവരി നാലുമുതലാണ് ബി.എസ്.6 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് പുകപരിശോധന നടത്തേണ്ടതില്ല.