ക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തര്‍ക്കത്തിന്റെ പേരില്‍ മാനേജ്മെന്റ് കമ്മറ്റിയംഗത്തെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

0 second read
0
0

തിരുവനന്തപുരം: ക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് സഭാ മാനേജ്മെന്റ് കമ്മറ്റിയംഗത്തെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മറ്റു പ്രതികള്‍ക്കായി രണ്ടാം ഘട്ട അന്വേഷണവും തുടങ്ങി.

ക്നാനായ സമുദായ മാനേജിങ് കമ്മറ്റിയംഗവും ക്നാനായ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന തിരുവല്ല വെസ്റ്റ് ഓതറ കല്ലേമണ്ണില്‍ ബിനു കുരുവിള(42)യെ ക്വട്ടേഷന്‍ സംഘം വെട്ടി തുണ്ടമാക്കിയ കേസിലാണ് കുറ്റപത്രം. കേരളത്തില്‍ സിബിഐ അന്വേഷിച്ച ആദ്യ വധശ്രമക്കേസാണിതെന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഡിസംബര്‍ 27 ന് സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ നാലു പ്രതികളാണുള്ളത്. കെ.സി. ബിബിന്‍, സുബിന്‍, സുധീഷ് കൃഷ്ണന്‍, ടിജോ ചാക്കോ സ്രാമ്പിയില്‍ എന്നിവരാണ് ഒന്നു മുതല്‍ നാലു വരെ പ്രതി സ്ഥാനത്തുള്ളത്.

ആദ്യ മൂന്നു പേരും ക്വട്ടേഷന്‍ സംഘാംഗങ്ങളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുമാ ണ്. ഒന്നാം പ്രതി ബിബിന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ ജയിലില്‍ ആണുളളത്. സുധീഷ് കൃഷ്ണനാണ് ക്വട്ടേഷന് നേതൃത്വം കൊടുന്നത്. നാലാം പ്രതി ടിജോ ചാക്കോ കുറ്റകൃത്യം ആസൂത്രണം ചെയ്തയാളാണ്. കേസില്‍ പ്രതിയാകുമെന്ന് വന്നതോടെ ടിജോയെ സഭയിലെ ചില വ്യവസായികളും വൈദികരും ചേര്‍ന്ന് കാനഡയിലേക്ക് അയച്ചു. ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. ഇതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാള്‍ നാട്ടിലെത്തിയെങ്കില്‍ മാത്രമേ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് വിവരം കിട്ടുകയുള്ളൂ.

ക്നാനായ സഭയിലെ പുരോഹിതന്മാരും വന്‍വ്യവസായികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന യില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ബിനു കുരുവിള പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി രാമദേവന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍സ്പെക്ടര്‍ സജി ശങ്കറിനാണ് അന്വേഷണ ചുമതല.

2018 ഏപ്രില്‍ ഏഴിന് രാത്രി 11 മണിയോടെയാണ് ബിനു കുരുവിളയെ സ്വന്തം വീട്ടില്‍ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. പിറ്റേന്ന് നടന്ന ക്നാനായ സഭ മാനേജിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു ബിനു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ചേരിപ്പോരിന്റെ ബാക്കി പത്രമായിരുന്നു ബിനുവിന് നേരെയുണ്ടായ ആക്രമണം.
നാട്ടിലുള്ള ഒരു പ്രമുഖ വ്യവസായിയാണ് ക്വട്ടേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നാണ് ബിനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിനു ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്നതിന് തെളിവായി ബിനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത് ഡിജിപി ലോകനാഥ് ബെഹ്‌റ ദേശീയ ന്യൂനപക്ഷ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടായിരുന്നു.

ബുള്ളറ്റ് രവി എന്നു വിളിക്കുന്ന രവി, ബിനോ എന്നു വിളിക്കുന്ന സ്റ്റീഫന്‍ ബേബി, കുട്ടന്‍, നിഷാദ്, ചെല്ലപ്പന്‍ എന്നിവര്‍ക്ക് ക്വട്ടേഷന്‍ ആക്രമണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. ഇതില്‍ സ്റ്റീഫന്‍ ബേബി, ബിനുവിന്റെ മുഖ്യഎതിരാളിയായ ഏലിയാസിന്റെ അടുത്ത ബന്ധുവാണ്. കുട്ടന്‍, ചെല്ലപ്പന്‍ എന്നിവരെ കൂടി പ്രതിസ്ഥാനത്ത് ചേര്‍ത്ത് ക്രിമിനല്‍ ഗൂഢാലോചന എന്ന വകുപ്പും ചേര്‍ത്തിട്ടുണ്ട്. ദൃക്‌സാക്ഷികളില്‍ നിന്ന് നിര്‍ണായക മൊഴിയും ലഭിച്ചിട്ടുള്ളതായി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിരുന്നുമില്ല.

അതേസമയം, കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈആര്‍ റസ്റ്റം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രശ്‌നം നിസാരവല്‍ക്കരിച്ചു കൊണ്ടുള്ളതാണ്. സംശയിക്കപ്പെടുന്നവര്‍ എല്ലാം അമേരിക്കയിലും യൂറോപ്പിലും ഉള്ളവരാണെന്നും അതു കൊണ്ടു തന്നെ അന്വേഷണം സിബിഐക്ക് വിടുന്നതാകും സൗകര്യപ്രദമെന്നുമാണ് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം, പ്രധാന പ്രതി കേരളത്തില്‍ തന്നെയാണുള്ളതെന്നും ഇയാളെ കുറിച്ച് വിവരം ലഭിച്ചിട്ടും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നില്ലെന്നുമുള്ള ബിനുവിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി സിബിഐ അന്വേഷണം അനുവദിച്ചത്.

ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് കേസ് ഡയറി പോലും സൂക്ഷിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വന്‍ സാമ്പത്തിക നേട്ടവും അതിന്റെ പേരിലുണ്ടായി. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മനസിലാക്കിയ കേരളാ പൊലീസിലെ ഉന്നതരാണ് ബിനു കുരുവിളയോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. വേണ്ട സഹായവും ഇവര്‍ ഉറപ്പു നല്‍കിയിരുന്നു. കോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ സിബിഐ അന്വേഷണം എതിര്‍ക്കാതിരുന്നതും അതു കൊണ്ടു തന്നെയായിരുന്നു.

പ്രതിപ്പട്ടികയില്‍ ക്‌നാനായ സഭയിലെ മൂന്നു ബിഷപ്പുമാരും വൈദികരും അമേരിക്കയിലും യൂറോപ്പിലും താമസമാക്കിയവരും ഉള്‍പ്പെട്ടേക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ലോക്കല്‍ പൊലീസ് ഇട്ട വകുപ്പുകള്‍ക്ക് പുറമേ 120 ബി ക്രിമിനല്‍ ഗൂഢാലോചന കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും വിനയാകുന്നത്. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വരുന്നതിനും കൃത്യം നടത്തുന്നതിനും സാക്ഷിയായ ക്നാനായ സഭയിലെ വൈദികന്റെ 164 മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു.

 

Load More Related Articles
Load More By Editor
Load More In Exclusive

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…