അബുദാബി: യുഎഇയില്‍ ഇന്നു പ്രവൃത്തി ദിനം. ആഴ്ചയില്‍ നാലര ദിവസം പ്രവൃത്തി സമയമാക്കി കുറച്ച ശേഷം ആദ്യമെത്തുന്ന വെള്ളിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഉച്ചയ്ക്ക് 12 വരെ ജോലി ചെയ്യും. വെള്ളിയാഴ്ചകളില്‍ ഓഫിസിലോ വീട്ടിലോ ഇരുന്ന് അനുയോജ്യമായ സമയത്തു ജോലി ചെയ്യാനും അനുമതിയുണ്ട്.
എന്നാല്‍ പൊതുജന സേവനം തടസ്സപ്പെടാതിരിക്കാന്‍ 70% ജീവനക്കാര്‍ ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദേശം. ശനി, ഞായര്‍ ദിവസങ്ങളിലാണ് പുതിയ വാരാന്ത്യ അവധി. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രവൃത്തി ദിനമാണ്.
അത്യാവശ്യ ഘട്ടങ്ങളുള്ളവര്‍ക്കും ജോലിസ്ഥലങ്ങളില്‍ നിന്ന് അകലെ താമസിക്കുന്നവര്‍ക്കും വെള്ളിയാഴ്ച വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
ഇതിനു വകുപ്പ് മേധാവിയുടെയും എച്ച്ആറിന്റെയും അനുമതി എടുക്കണം. മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നേടുന്നതിനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും പുതിയ ജോലി, വാരാന്ത്യ സമയ ക്രമീകരണം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.