കായംകുളം : യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പലില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാരും. ചേപ്പാട് ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ രഘു-ശോഭ ദമ്പതികളുടെ മകന് അഖില്‍ (25) ആണ് കപ്പലില്‍ കുടുങ്ങിയ ഒരാള്‍. രണ്ടാമത്തെ മലയാളിയെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ല. ചെങ്കടലില്‍ പടിഞ്ഞാറന്‍ തീരമായ അല്‍ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ചരാത്രി 11.57 നായിരുന്നു സംഭവം.
യെമനിലെ സൊകോത്ര ദ്വീപിലേക്ക് സൗദിയിലെ ജിസാന്‍ തുറമുഖത്തു നിന്ന് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു റവാബി എന്ന കപ്പല്‍. അബുദാബി ലിവാ മറൈന്‍ സര്‍വീസസിന്റെ കപ്പലാണിതെന്ന് കരുതുന്നു. സൊകോത്രയിലെ സൗദി ഫീല്‍ഡ് ആശുപത്രിയില്‍ ഉപയോഗിച്ച ആംബുലന്‍സ്, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സാങ്കേതിക- സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയായിരുന്നു കപ്പലിലുണ്ടായിരുന്നത്.
16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറാണ് അഖില്‍. ബുധനാഴ്ച രാത്രി അഖില്‍ യുക്രെയ്നില്‍ മെഡിസിന് പഠിക്കുന്ന ഭാര്യ ജിതിനയുമായി ഓണ്‍ലൈന്‍ ചാറ്റ് നടത്തുന്നതിനിടെയാണ് പെട്ടെന്ന്ബന്ധം നഷ്ടപ്പെട്ടത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കപ്പല്‍ തട്ടിയെടുത്ത വിവരം അറിയുന്നത്. അഖിലിന്റെ സഹോദരന് രാഹുല്‍ ഇതേ ഷിപ്പിങ് കമ്പനിയില്‍ മറ്റൊരു ചരക്കുുകപ്പലില് ജീവനക്കാരനാണ്.