തൃശൂര്‍: കമ്മിഷന് അടിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്ത പിണറായി വിജയന് കെറെയില്‍ വിഷയത്തില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ലാവലിന്‍ പദ്ധതിയില്‍ കമ്മിഷന് ആയി കോടികള്‍ അടിച്ചുമാറ്റി അതു തെളിയിച്ചയാളാണ്. അഞ്ചു വര്‍ഷവും കമ്മിഷന് വാങ്ങി നാടു കൊള്ളയടിച്ച ആളാണ്.
ഇപ്പോള്‍ അടിച്ചു മാറ്റാനുള്ള അവസാനത്തെ വഴിയായി കണ്ടിരിക്കുകയാണ് കെ റെയില്‍. രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പാക്കണമെന്നു വാശി പിടിക്കുമ്പോള്‍ ഒന്നുകില്‍ അദ്ദേഹത്തിനു തലയ്ക്കു സുഖമില്ല, അല്ലെങ്കില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്ന് മനസ്സിലാക്കാം.
എന്തു വന്നാലും നടപ്പാക്കും എന്നു പറയാന്‍ പിണറായിയുടെ തറവാട്ടുവക ഭൂമിയ്ക്കകത്തല്ല പദ്ധതി വരുന്നത്. കല്ല് പിഴുതുമാറ്റാന്‍ പോകുന്നവര്‍ പല്ല് സൂക്ഷിക്കണമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന മാന്യമായ ഒന്നായില്ല. അതിനു മറുപടി പറയാന്‍ താനില്ല.
അദ്ദേഹം എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും മതി. തൃക്കാക്കരയില്‍ ഒരു പ്രശ്നവുമില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും; നന്നായി പണിയെടുക്കും- സുധാകരന് പറഞ്ഞു.