ആലപ്പുഴ: സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്നു സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയെ കുരുക്കിലാക്കാന്‍ ആര്‍.ബി.ഐ. ഇറക്കിയ ഉത്തരവിലൊന്ന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാരം നല്‍കില്ലെന്നതാണ്. നാളിതുവരെ ഒരുരൂപപോലും നഷ്ടപരിഹാരം തരാത്തവരാണ് ഇതു പറഞ്ഞത്. ഇക്കാര്യം കാണിച്ചു കത്തുകൊടുത്തപ്പോള്‍ പരിഗണിക്കാമെന്നാണു മറുപടി കിട്ടിയത്.
കോവിഡ് വ്യാപനം ശക്തമായപ്പോള്‍ ഓക്‌സിജന്‍നില പരിശോധിക്കുന്ന പള്‍സ് ഓക്‌സീമീറ്റര്‍ വില 3,500 രൂപയാക്കി വന്‍കിട കമ്പനികള്‍ കൊള്ളനടത്തി. ഈ സമയം കണ്‍സ്യൂമര്‍ഫെഡ് ഇടപെട്ട് കേരളത്തിലാകെ 350 രൂപയ്ക്ക് ഓക്‌സീമീറ്റര്‍ എത്തിച്ചു. ഇതെല്ലാം ചെയ്യുന്ന സഹകരണമേഖല കോര്‍പ്പറേറ്റുകളുടെയും തലവേദനയാണ്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുതന്നെ അതു നല്‍കുകയും ചെയ്യുന്ന സഹകരണബാങ്കുകളെ ബാങ്കുകളെന്നു വിളിക്കാന്‍ പാടില്ലെന്നു പറയാന്‍ ആര്‍.ബി.ഐ.ക്ക് എന്തവകാശമാണുള്ളത് മന്ത്രി ചോദിച്ചു. കേരള ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണബാങ്ക് 14-നുള്ളില്‍ ലയിക്കും. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ വര്‍ധിപ്പിച്ചാല്‍ കേരള ബാങ്കിന് ദേശസാത്കൃത ബാങ്കുകളേക്കാള്‍ കുറഞ്ഞനിരക്കില്‍ വായ്പ നല്‍കാന്‍ കഴിയുമെന്നും വാസവന്‍ പറഞ്ഞു.
സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., എം.എല്‍.എ. മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, വി.ബി. പദ്മകുമാര്‍, കെ.ആര്‍. സരളാഭായി, എം. സത്യപാലന്‍, മോഹനചന്ദ്രന്‍, സനല്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.