തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം തികച്ചും അപക്വവും നീതിക്ക് നിരക്കാത്തതുമാണ് എന്ന് ഓ.ഐ.സി.സി. ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പ്ത്രക്കുറിപ്പില്‍ അറിയിച്ചു. മുഴുവന്‍ ടെസ്റ്റുകളും രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും എടുത്തയാളുകള്‍ ഏഴു ദിവസം ഹോം ക്യാന്‍ന്റെനും പിന്നെ എഴുദിവസം നീരീക്ഷണവും വേണമെന്ന കേരള ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദവും പ്രവാസികളെ ഒറ്റപ്പെടുത്തുന്നതുമാണ്.
യുകെ പോലുള്ള രാജ്യങ്ങള്‍ ഒമിക്രോണിന്റെ പ്രാരംഭഘട്ടത്തില്‍ നടപ്പിലാക്കുകയും പിന്നെ ഒമിക്രോണ്‍ അപകടകാരിയല്ലെന്ന് മനസിലാക്കി ഇക്കഴിഞ്ഞ ദിവസം പിന്‍വലിയ്ക്കുകയും ചെയ്ത ക്വാറന്റൈന്‍ സംവിധാനം അതുപോലെ നടപ്പിലാക്കുകയാണ് നമ്മുടെ സര്‍ക്കാരുകള്‍. ഇന്ന് പ്രതിദിനം രണ്ടരലക്ഷം കേസുകള്‍ ഉണ്ടായിരുന്നിട്ടും യുകെയില്‍ ക്വാറന്റൈന്‍ ഇല്ലെന്ന് കൂടി നമ്മള്‍ മനസിലാക്കണമെന്ന് ഓ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു ,എന്നാല്‍ മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും അതുപോലെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.
നിലവില്‍ ഇന്ത്യയിലാകെ ഒമിക്രോണ്‍ പടര്‍ന്ന് പിടിയ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകിടക്കുമ്പോള്‍ പ്രവാസികള്‍ക്ക് മാത്രം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നതിനെ ശക്തമായി പ്രവാസി സംഘടനകള്‍ എതിര്‍ക്കുന്നു.എന്നാല്‍ ഇത്രയധികം ഒമിക്രോണ്‍ കേസുകളുള്ള ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുന്ന ഒരാള്‍ക്കും ക്വാറന്റൈന്‍ ഇല്ലെന്നും കേരള ആരോഗ്യമന്ത്രി മനസ്സിലാക്കണം.
ഒരു ഭാഗത്ത് ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന റാലികളും നൂറുകണക്കിനുപേര്‍ ഒന്നിച്ചുകൂടിയുള്ള പാര്‍ട്ടി സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ കെ റെയില്‍ വിശദീകരണ യോഗങ്ങളും പൊടിപൊടിയ്ക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസി 7 ദിവസം ക്വാറന്റൈനും 7 ദിവസം നിരീക്ഷണവുമടക്കം 14 ദിവസം വീടടച്ച് ഇരുന്നുകൊള്ളണമെന്നാണ് സര്‍ക്കാര്‍ ആജ്ഞ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന്റെ പ്രതിഫലനമാണ്.
പ്രവാസികളെയാകെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം തുഗ്ലക് പരിഷ്‌കാരങ്ങള്‍ പിന്‍വലിയ്ക്കാനുള്ള സാമാന്യമര്യാദ അധികൃതര്‍ കാണിക്കണമെന്ന് ഓ.ഐ.സി.സി. ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
ഇതിനെതിരെ ഓ.ഐ.സി.സി. ഗ്ലോബല്‍ കമ്മറ്റി കേന്ദ്ര – കേരള സര്‍ക്കാരുകള്‍ക്ക് പരാതി അയയ്ക്കുമെന്നും പ്രവാസികളെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടും