തിരുവനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,37,96,983), 36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസും കോവിഡ് വാക്സീന്‍ നല്‍കിയെന്ന് ആരോഗ്യ വകുപ്പ്.· രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനമാണ് കേരളം (9,41,865).· 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം പേര്‍ക്ക് ഒരു ഡോസും 55 ശതമാനം പേര്‍ക്ക് രണ്ടു ഡോസും നല്‍കി.
സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ ശരാശരി 1,96,657 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് ഐസിയുവും ആവശ്യമായി വന്നു. ഈ കാലയളവിനെ കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 40,432 കുറവുണ്ട്.
പുതിയ കേസുകളുടെ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23 ശതമാനം കുറവുണ്ടായി. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 8, 6, 4, 7 ശതമാനം കുറഞ്ഞു. അതായത്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും ഗുരുതരമായ കേസുകളും കുറഞ്ഞു.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായവരില്‍ 6 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സീന്‍ എടുത്തു. 3.6 ശതമാനം പേര്‍ രണ്ട് ഡോസ് എടുത്തിട്ടുണ്ട്. രോഗബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണ്. എന്നാല്‍ വാക്സീന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. അതിനാല്‍ അനുബന്ധ രോഗമുള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.