കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ നല്‍കിയ കോടതിയലക്ഷ്യ നടപടി കേസില്‍ പ്രത്യേക കോടതി ബൈജു പൗലോസിനു നോട്ടിസ് നല്‍കിയിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷിയായി വിസ്തരിക്കപ്പെടുമ്പോള്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്നെ പ്രതിയാക്കാന്‍ നടത്തിയ കൃത്രിമ നടപടികളും പുറത്തുവരുമെന്നു ബൈജു പൗലോസ് ഭയപ്പെടുന്നു. വിചാരണ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണു നടപടി. കേസില്‍ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം ഡിസംബര്‍ 29നു നിശ്ചയിച്ചിരുന്നു. ഇതിനിടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നല്‍കി. അനധികൃതമായി കസ്റ്റഡിയിലെടുക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും കസ്റ്റഡിയില്‍ പീഡിപ്പിക്കാനും ലക്ഷ്യമിട്ടാണു കേസെടുത്തിരിക്കുന്നതെന്നു ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.