കൊച്ചി ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേയ്ക്ക് മാറ്റാന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഓണ്‍ലൈന്‍ സിറ്റിങ്ങുകള്‍ ആരംഭിക്കുക.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ലോക്ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ഹൈക്കോടതി ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചു.
വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന കേസുകള്‍ നടത്തുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയാണു നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകള്‍ നടന്നിരുന്നത്. കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് വീണ്ടും ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.