ന്യൂയോര്‍ക്ക്: യുഎസില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ തിങ്കളാഴ്ച 13.5 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇതൊരു പുതിയ റെക്കോര്‍ഡുമാണ്. ഇതിനു മുന്‍പ് പത്തുലക്ഷത്തിലേറെ പേര്‍ക്ക് ഒരു ദിവസം കോവിഡ് ബാധിച്ചതായിരുന്നു റെക്കോര്‍ഡ്. ജനുവരി മൂന്നിന് യുഎസില്‍ തന്നെയായിരുന്നു ഇതും. പല സ്റ്റേറ്റുകളും ആഴ്ചാവസാനം കോവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യതാത്തതാണ് സംഖ്യ ഉയരാന്‍ കാരണമെന്നാണ് പറയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണവും തിങ്കളാഴ്ച പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 136,604 പേരെയാണ് തിങ്കളാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനം 132,051 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ഇതിനു മുന്‍പത്തെ റെക്കോര്‍ഡ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങളെല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.