കൊച്ചി: നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളില്‍ ബാലചന്ദ്രകുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്.
മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കുന്ന രഹസ്യമൊഴിയില്‍ വിഐപിയാരാണെന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയേക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്രതികളുടെ ഗൂഢാലോചനയില്‍ വിഐപിയും പങ്കാളിയായ സാഹചര്യത്തില്‍ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത് ഇയാളെയാണ്.
അതേസമയം, ഈ വിഐപിയെ ചുറ്റിപ്പറ്റിയുള്ള സസ്‌പെന്‍സ് ഒഴിവാക്കാന്‍ ഇന്നലെയും ബാലചന്ദ്രകുമാര്‍ തയാറായില്ല. ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. വിഐപിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.