പന്തളം :മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം മൂന്നാം ദിവസം വൈകീട്ടാണ് ശബരിമലയിലെത്തിച്ചേരുന്നത്.
പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ സുരക്ഷിത മുറി തുറന്ന് ആഭരണപ്പെട്ടികള്‍ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘവും കര്‍പ്പൂരാഴിയുടെ അകമ്പടിയില്‍ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ ശ്രീകോവിലിനു മുമ്പില്‍ ദര്‍ശനത്തിനായി തുറന്നുവെച്ചു.
11.45ന് തിരുവാഭരണ മാളികയില്‍ ഘോഷയാത്രയ്ക്ക് മുന്നോടിയായി ആചാരപരമായ ചടങ്ങുകളാരംഭിച്ചു. വലിയ തമ്പുരാന് പി.രാമവര്മ്മരാജയ്ക്കുവേണ്ടി ഇളമുറ തമ്പുരാന് കൈപ്പുഴ പടിഞ്ഞാറേത്തളം മംഗളവിലാസം കൊട്ടാരത്തില്‍ മകയിരംനാള്‍ രാഘവ വര്‍മ രാജ രാജപ്രതിനിധിയേയും തിരുവാഭരണ പേടക വാഹകരെയും പല്ലക്കു വാഹകരെയും സംഘാംഗങ്ങളെയും ഭസ്മം നല്കി അനുഗ്രഹിച്ചു. തുടര്‍ന്ന് ഇളമുറ തമ്പുരാനെയും രാജപ്രതിനിധി ശങ്കര്‍ വര്‍മയേയും വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. 12-ന് ക്ഷേത്രത്തില്‍ ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകളാരംഭിച്ചു.
മേല്‍ശാന്തി ശ്രീകോവിലില്‍ പൂജിച്ച ഉടവാള് ഇളമുറത്തമ്പുരാനു നല്കി. അദ്ദേഹം ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാള് കൈമാറി അനുഗ്രഹിച്ചു. 12.50-ന് തിരുവാഭരണങ്ങള്‍ പെട്ടികളിലാക്കി. മേല്‍ശാന്തി നീരാജനമുഴിഞ്ഞു. രാജപ്രതിനിധിയും പരിവാരങ്ങളും ക്ഷേത്രത്തിനു പുറത്തിറങ്ങി പന്തളം നീരാഴിക്കെട്ട് കൊട്ടാരത്തിലെത്തി വലിയതമ്പുരാട്ടി മകംനാള്‍ തന്വംഗി തമ്പുരാട്ടിയെക്കണ്ട് ഉടവാള് കാല്ക്കല് വെച്ച് നമസ്കരിച്ചു. തമ്പുരാട്ടി നല്കിയ ഭസ്മംചാര്ത്തി പുറത്തിറങ്ങിയ രാജപ്രതിനിധി രാജരാജശേഖര മണ്ഡപത്തിനു മുമ്പില്‍ ഒരുക്കിയിരുന്ന പല്ലക്കിലേറി യാത്രതിരിച്ചു.
കൃത്യം ഒരുമണിക്കുതന്നെ തിരുവാഭരണ പേടകങ്ങള്‍ ക്ഷേത്രത്തിനു പുറത്തേക്കെടുത്ത് ഘോഷയാത്ര പുറപ്പെട്ടു.
തിരുമുഖമടങ്ങുന്ന പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമനയില്‍ ശിവന്‍പിള്ളയും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന് നായരും ശിരസ്സിലേറ്റി. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളോടെ ഘോഷയാത്രയെ അനുഗമിച്ചു.
തിരുവാഭരണ പാതയില്‍ നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലെത്തി സംഘം വിശ്രമിക്കും. മൂന്നാംദിവസം ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണ ഘോഷയാത്ര കാണുവാന്‍ പ്രമുഖരും എത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണന്, ഐ.സി.ബാലകൃഷ്ണന്, ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.മനോജ് ചരളേല്‍, ഐജി പി. വിജയന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ലാപോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, ജില്ലാ പഞ്ചായത്തംഗം ആര്. അജയകുമാര്‍,
മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.