തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ചുമതല മറ്റാര്‍ക്കും കൈമാറില്ല. പതിവു പോലെ ബുധനാഴ്ചകളില്‍ ഓണ്‍ലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയല്‍ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളില്‍ താന്‍ തീരുമാനമെടുക്കുമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം 19ന് ഓണ്‍ലൈനായി ചേരുമെന്നും അറിയിച്ചു.
സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു കോഴിക്കോട്ട് ആയതിനാല്‍ അവിടെനിന്നാണു മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.
മുഖ്യമന്ത്രി വിദേശത്തു പോകുമ്പോള്‍ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുമോ എന്ന ആകാംക്ഷ അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി 15ന് മേയോ ക്ലിനിക്കിലേക്കു പോകും. 29നു തിരിച്ചെത്തും.