കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ബാബു കുമാറാണ് ഇക്കാര്യം ഒരു ചാനലിനോട് വെളിപ്പെടുത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ വീട് പരിശോധന വൈകിപ്പിച്ചെന്ന് ബാബു കുമാര്‍ പറഞ്ഞു. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നുമാണ് ഇദ്ദേഹം പറയുന്നത്.
‘അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു ലീഡിങ് ഉണ്ടായിരുന്നില്ലോ. ലീഡങ് എന്ന് പറയുമ്ബോള്‍ ഐജി ഉള്‍പ്പെടെ എല്ലാവരും കൂടെ ക്യാമ്ബ് ചെയ്തല്ലേ സൂപ്പര്‍വൈസ് ചെയ്തത്. അവരുടെ ഭാഗത്ത് നിന്നും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയായത്,’ ബാബു കുമാര്‍ പറഞ്ഞു.
ഞാന്‍ ആദ്യത്തെ ചാര്‍ജ് ഷീറ്റ് കൊടുത്തിട്ട് പിന്നെ ഒരു മാസമേ അന്വേഷിച്ചുള്ളൂ. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ കാര്യങ്ങള്‍ വെളിച്ചത്ത് വരൂ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കൊടുത്ത സമയത്താണ് റിഫൈനറിയിലേക്ക് ഡെപ്യൂട്ടേഷന് വന്നതെന്നും ബാബുകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഈ ഫോണ്‍ ദിലീപിന്റെ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും പള്‍സര്‍ സുനി മൊഴി നല്കി. ദൃശ്യങ്ങള്‍ കണ്ടെത്താതിരിക്കാനുള്ള പ്രതികളുടെ നീക്കമായിരുന്നു ഇതെന്നാണ് നിലവിലെ വിലയിരുത്തല്‍. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് പെന്‍ഡ്രൈവിലാക്കിയാണ് കൈ മാറ്റം നടന്നത്. അക്രമ ദൃശ്യങ്ങള്‍ കേസില്‍ ഇതുവരെ കണ്ടെത്താനാവാത്ത ഒരു വിഐപി ദിലീപിന്റെ വീട്ടിലെത്തിച്ച് നല്‍കിയെന്ന് നേരത്തെ സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.