ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട്, ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. ഫിറോസാബാദിലെ ശികോഹാബാദ് നിയോജകമണ്ഡലത്തില്‍നിന്നുള്ള മുകേഷ് വര്‍മയാണു പാര്‍ട്ടി വിട്ടത്. കഴിഞ്ഞ 3 ദിവസങ്ങള്‍ക്കിടെ ബിജെപിയില്‍നിന്നു രാജിവയ്ക്കുന്ന 7-ാമത്തെ എംഎല്‍എയാണു മുകേഷ് വര്‍മ.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി വിടുന്ന 7-ാമത്തെ പിന്നാക്ക വിഭാഗ നേതാവു കൂടിയാണ് മുകേഷ് വര്‍മ.
ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളോടും കര്‍ഷകരോടുമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണു രാജിയെന്ന് അദ്ദേഹം അറിയിച്ചു.
‘കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിനിടെ, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്കോ പ്രതിനിധികള്‍ക്കോ ബിജെപി സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. ഈ വിഭാഗങ്ങളോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2017ല്‍ ബിജെപിയില്‍നിന്ന് ആദ്യമായാണ് അദ്ദേഹം നിയമസഭിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നേതാവും വനം, പരിസ്ഥിതി മന്ത്രിയുമായ ദാരാ സിങ് ചൗഹാന്‍ ബുധനാഴ്ച രാജിവച്ചിരുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം സ്വാമി പ്രസാദ് മൗര്യയും അനുയായികളായ ബ്രിജേഷ് കുമാര്‍ പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാഖ്യ എന്നീ എംഎല്‍എമാരും ചൊവ്വാഴ്ച ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു.