ശബരിമല: മണ്ണിലും വിണ്ണിലും ഇന്നു മകര സംക്രമസന്ധ്യയുടെ പുണ്യം. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പര്‍ണശാലകള്‍ കെട്ടാന്‍ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ കാത്തിരിക്കുന്നു. പുല്ലുമേട്ടില്‍ ദര്‍ശനത്തിന് അനുമതിയില്ല.
ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ മുഹൂര്‍ത്തം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള മുദ്രയിലെ നെയ്യ് സംക്രമ വേളയില്‍ അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 നു ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. 6.30നും 6.45നും മധ്യേ ദീപാരാധന. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.