തിരുവനന്തപുരം: സിനിമയില്‍ കാണുന്ന പൊലീസ് പീഡനം പോലെയായിരുന്നു അത്. പതിനാലു വയസുള്ള വളര്‍ത്തു മകള്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റമേല്‍ക്കാന്‍ വേണ്ടി വയോധിക ദമ്ബതികളെ പൊലീസ് മൃഗീയമായി പീഡിപ്പിച്ചു. പീഡനം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ അവര്‍ കുറ്റമേറ്റു. കോട്ടയത്തെ ക്രൂരകൊലപാതകം നടന്ന ദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറത്ത് വന്ന വാര്‍ത്തയാണ് മേല്‍പ്പറഞ്ഞത്.
കോട്ടയം സംഭവത്തിന്റെ ബഹളത്തില്‍ മേല്‍പ്പറഞ്ഞ വാര്‍ത്ത മുങ്ങിപ്പോകരുത്. കാരണം ഇതാണ് വലിയ വാര്‍ത്ത. കേരള പൊലീസിന്റെ ക്രൂരമുഖം. ഇതില്‍ ഇടപെട്ട ഒരു പൊലീസുദ്യോഗസ്ഥനും രക്ഷപ്പെടാന്‍ പാടില്ല. കാരണം അത്രമാത്രം അവിശ്വസനീയമാണ് ഈ പൊലീസ് പീഡന കഥ. ഒടുവില്‍ യഥാര്‍ഥ കുറ്റവാളി പിടിയിലായപ്പോള്‍ മാത്രമാണ് പൊലീസിന്റെ ക്രൂരപീഡന കഥ പുറത്തു പറയാന്‍ പോലും നിരപരാധികളായ വയോധിക ദമ്പതികള്‍ക്ക് ധൈര്യമുണ്ടായത്.
തങ്ങളുടെ വളര്‍ത്തുമകളായിരുന്ന 14കാരിയെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ ഒടുവില്‍ നിയമത്തിന്റെ പിടിയിലായി. പൊലീസിന്റെ ക്രൂര പീഡനം സഹിക്കാനാകാതെ തങ്ങള്‍ പൊന്നുപോലെ വളര്‍ത്തിയ പെണ്‍കുട്ടിയെ തലക്കടിച്ച് കൊന്നു എന്ന് പൊലീസിനോട് സമ്മതിക്കേണ്ടി വന്ന ഈ വൃദ്ധ ദമ്ബതികള്‍ക്ക് പറയാമുള്ളത് കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പ്രതിയാക്കുന്ന കേരള പൊലീസിന്റെ ക്രൂരതകളെ കുറിച്ചാണ്.
കോവളം ആഴാകുളത്തെ വീട്ടില്‍ വാര്‍ധക്യത്തിന്റെ അവശതകളും മാറാരോഗത്തിന്റെ പീഡകളും തളര്ത്തുമ്ബോഴും ഈ വൃദ്ധ ദമ്ബതികള്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. മരിക്കും മുമ്ബ് തങ്ങളുടെ നിരപരാധിത്വം തെളിയിക്കണം. വളര്‍ത്തുമകളെ കൊന്നവരെ പിടികൂടണം. ഒടുവില്‍ ആ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നാണ് ഇരുവരും പറയുന്നത്. വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് ദിവസം മുന്‍പ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകന് ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇതോടെ പതിനാലുകാരിയെ എടുത്തുവളര്‍ത്തിയ വയോധിക ദമ്ബതികളുടെ നിരപരാധിത്വമാണ് തെളിഞ്ഞത്.
പതിനാലുകാരിയുടെ കൊലപാതകത്തിന് ശേഷം പൊലീസില്‍ നിന്ന് കൊടിയ പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്നാണ് വയോധിക ദമ്ബതികള്‍ പറയുന്നത്. ‘പീഡനം സഹിക്കാനാകാതെ ഞാന്‍ പറഞ്ഞു, ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത്. അപ്പോള്‍, എങ്ങനെ കൊന്നു എന്നു പറയണമെന്നായി. ഞാന്‍ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു. ആ തടിക്കഷണം പൊലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാല് എടുത്തോണ്ടു പോയി. ഒരു കൊല്ലമായി ഞങ്ങള്‍ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണ് കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല..’ – അര്‍ബുദ രോഗിയായ വയോധിക പറയുന്നു.
2021 ജനുവരി 14 നായിരുന്നു പെണ്‍കുട്ടിയുടെ കൊല നടന്നത്. കൃത്യം ഒരു വര്‍ഷം തികയുന്ന കഴിഞ്ഞ 14നാണ് ഇരുവരും മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തുന്നതെന്നതും യാദൃശ്ചികതയായി. വയോധികരായ ദമ്ബതികളുടെ വളര്‍ത്തു മകളായിരുന്നു ബാലിക. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇവരുടെ വീടിനടുത്ത് 4 വര്‍ഷം പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോള്‍ ഷെഫീക് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരില്‍ ഇടിച്ചെന്നും ഷെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം. ചോദ്യം ചെയ്യല്‍ പിന്നീട് മൂന്നാം മുറയിലേക്കും നീങ്ങി.
”പല തവണ ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളില്‍ സൂചി കുത്തുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോള്‍ സഹിക്കാനായില്ല. ഞങ്ങള്‍ക്കു വയസ്സായി. ജയിലില്‍ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്”- വയോധിക പറഞ്ഞു. എന്നാല്‍ നുണപരിശോധനയ്ക്കുള്ള അനുമതി കിട്ടാത്തതും തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല.
വിഴിഞ്ഞം മുല്ലൂര്‍ പനവിള സ്വദേശിനി ശാന്തകുമാരി (71)യെ കൊലപ്പെടുത്തിയ സംഭവത്തിലാണു റഫീക്കയും മകന് ഷെഫീക്കും അറസ്റ്റിലായത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്.