കൊല്ലം: അങ്കമാലിയിലെ അമ്മാവന്‍ ആരാണെന്നാ പറഞ്ഞത്? പ്രധാനമന്ത്രി. കിലുക്കം സിനിമയിലെ ഈ ഡയലോഗ് മനപാഠമാക്കിയവരാണ് മലയാളികള്‍. അതേ പോലെ ഒരു ചോദ്യം ഇപ്പോള്‍ കമ്മികളോട് സംഘികള്‍ ചോദിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആരാണെന്നാ പറഞ്ഞത്? നിരീശ്വരവാദി. ശേഷം ഡയലോഗ് ഗോഡ്ഫാദറിലെ മായിന്‍ കുട്ടി പറയും. ഉണ്ട, അയാള് ദേണ്ടെ ആനയെ എഴുന്നള്ളിക്കാന്‍ ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തില്‍ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നു!
ആനയടി ക്ഷേത്രം ഭാരവാഹികള്‍ക്ക് പോലും വിശ്വസിക്കാനാകുന്നില്ല തമിഴ്നാട് മുഖ്യമന്ത്രിയുടെ വഴിപാട്. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നിരീശ്വരവാദികളുടേതാണെന്നാണ് പൊതുവേ പറഞ്ഞു കേള്‍ക്കുന്നത്. കേരളത്തിലെ സിപിഎമ്മുകാരും ഇത് പറഞ്ഞ് ഞെളിയാറുണ്ട്. ഇപ്പോഴിതാ അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് നിരീശ്വരവാദിയായ സ്റ്റാലിന്‍ ആനയെഴുന്നള്ളിപ്പ് വഴിപാടിന് വന്നിരിക്കുന്നു. എങ്ങനെ ഞെട്ടാതിരിക്കും?
ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തില്‍ അഭീഷ്ടകാര്യ സിദ്ധിക്കായിട്ടാണ് ‘നേര്‍ച്ച ആന എഴുന്നള്ളിപ്പ് നടത്തുന്നത്. 31 ന് നടക്കുന്ന ആന എഴുന്നള്ളിപ്പില്‍ ആനയെ എഴുന്നള്ളിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും സ്റ്റാലിന്റെ പ്രതിനിധികളെത്തിയാണ് വഴിപാട് ബുക്ക് ചെയ്തത്. എഴുന്നള്ളിപ്പിന്റെ തുകയായ 9,000 രൂപയും ഇവര്‍ അടച്ചു രസീത് കൈപ്പറ്റി. എഴുന്നള്ളിപ്പ് ദിവസം സ്റ്റാലിന്‍ എത്തില്ലെങ്കിലും തമിഴ്‌നാട് ആരോഗ്യ മന്ത്രി എത്തുമെന്നും അവര്‍ അറിയിച്ചു.
ഒരുമാസം മുന്‍പാണ് തമിഴ്‌നാട്ടില്‍ നിന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതിനിധികള്‍ ശൂരനാട് എത്തി ക്ഷേത്ര ഭാരവാഹികളെ കണ്ട് ആനയെ എഴുന്നള്ളിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. അന്ന് തന്നെ അവര്‍ ബുക്ക് ചെയ്തു. പണം പിന്നീട് അടക്കാമെന്നും പറഞ്ഞ് മടങ്ങി. എന്നാല്‍ ക്ഷേത്ര ഭാരവാഹികള്‍ ആദ്യം ഇത് വിശ്വസിച്ചില്ല. തമിഴ് നാട് മുഖ്യമന്ത്രി ഇവിടെ എത്തി ആനയെ എഴുന്നള്ളിക്കുവാന്‍ സാധ്യതയില്ലെന്നായിരുന്നു ഏവരുടെയും അഭിപ്രായം.
എന്നാല്‍ കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തവര്‍ പണം അയച്ചതോടെയാണ് വിശ്വാസമായത്. ഇതോടെ ഉത്സവ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പേരും ചേര്‍ത്തു. നോട്ടീസില്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്നവരില്‍ ആറാമത്തെ പേരുകാരനാണ് എം.കെ സ്റ്റാലിന്‍. നോട്ടീസ് കയ്യില്‍ കിട്ടിയ നാട്ടുകാരും ഏറെ ആവേശത്തിലും അത്ഭുതത്തിലുമാണ്. അഞ്ഞൂറോളം പേര്‍ ഇതിനോടകം തന്നെ എഴുന്നള്ളിപ്പിന് ബുക്ക് ചെയ്തിട്ടുണ്ട്.
കോവിഡ് കാലമായതിനാല്‍ പ്രശസ്തമായ ആനയടി ഗജമേള ഇത്തവണയും ഇല്ല. പകരം ആന എഴുന്നള്ളിപ്പ് മാത്രമാണുണ്ടാകുക. 31 ന് വൈകിട്ട് 4.30 മണിയോടെയാണ് എഴുന്നള്ളിപ്പ്. 10 ആനകളെ മാത്രമാണ് നേര്‍ച്ചയായി എഴുന്നള്ളിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാവും ഉത്സവ പരിപാടികളെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അതിനാല്‍ സമിതിക്കാര്‍ എഴുന്നള്ളിക്കുന്ന ആനകളെ ഇത്തവണ അനുവദിക്കുന്നതല്ല. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വേണ്ടിയാണിത്. അന്നേ ദിവസം ‘നരസിംഹ പ്രിയന്‍ അപ്പു’ എന്ന ആനയാണ് ക്ഷേത്രത്തിന്റെ തിടമ്ബ് ഏറ്റുന്നത്.
ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടിയിലാണ് അതിപുരാതനമായ പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി നരസിംഹസ്വാമിയാണ്. ആനയടി തേവര്‍ എന്ന പേരിലും അറിയപ്പെടുന്നു. ആനയെഴുന്നെള്ളത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. ആനയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശമായതുകൊണ്ട് ആനയടി എന്ന് പേരുണ്ടായതെന്ന് പുരാവൃത്തം. ആനയടി ഒരുകാലത്ത് പേപ്പട്ടി വിഷ ചികിത്സയിലൂടെയും അറിയപ്പെട്ടിരുന്നു.