തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനമേഖലകള്‍ കൂടുന്നു. 123 വലിയ തീവ്രവ്യാപനകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. ക്ലസ്റ്ററുകളില്‍ ഏറെയും സ്കൂളുകളാണ്. ഒമിക്രോണാണ് പടരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 24 ക്ലസ്റ്ററുകള്‍ ഉണ്ട്.
അതിനിടെ സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ആകെ 591 ഒമിക്രോണ്‍ ബാധിതരാണ് കേരളത്തിലുള്ളത്.
തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര് സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായി.