കാസര്‍കോട്: സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയിട്ടും ദേശീയപാതയില്‍ ഗതാഗതത്തിന് ‘തടസ്സ’മായി മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്പോസ്റ്റുകള്‍. നികുതി അടവും പെര്‍മിറ്റ് അനുവദിക്കലും ഓണ്‍ലൈനായിട്ടും കേരളമടക്കം 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് ദേശീയപാതകളില്‍ ചെക്പോസ്റ്റുകളുള്ളത്. അവ ഒഴിവാക്കുന്നതില്‍ എന്ത് നടപടിയെടുത്തെന്ന് വിശദമാക്കാന്‍ 2021 സെപ്റ്റംബറില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 12 സര്‍ക്കാറുകളുടെ ഗതാഗത സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു.
മോട്ടോര്‍വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് വാഹന്‍, സാരഥി എന്നീ സോഫ്റ്റ്വെയറുകള്‍ വന്നതോടെ സംസ്ഥാനാതിര്‍ത്തികളില്‍ ചെക്പോസ്റ്റുകള്‍ വേണ്ടെന്നാണ് കേന്ദ്ര നിലപാട്. ചരക്കുസേവന നികുതി (ജി.എസ്.ടി.) പ്രാബല്യത്തില്‍ വന്നതോടെ അതിര്‍ത്തികളിലെ വാണിജ്യനികുതി ചെക്പോസ്റ്റുകള്‍ ഒഴിവാക്കിയിരുന്നു. അതിന് സമാനമായി ആര്‍.ടി.ഒ. ചെക്പോസ്റ്റുകളും ഒഴിവാക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നിലവില്‍ നികുതി അടയ്ക്കലും പെര്‍മിറ്റ് അനുവദിക്കലുമാണ് ആര്‍.ടി.ഒ. ചെക്പോസ്റ്റുകളില്‍ നടക്കുന്നത്. ഈ സേവനങങള്‍ ഓണ്‍ലൈനായി നടത്താനാകും.
കേരളത്തിനുപുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിലവില്‍ മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളുള്ളത്.