കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുക. വാര്‍ഡുകളില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്കുണ്ട്. കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാര്‍ഡില്‍ അനുവദിക്കും.
ഡോക്ടറുടെ രേഖാമൂലമുള്ള നിര്‍ദേശം ഉണ്ടെങ്കിലേ വാര്‍ഡില്‍ രോഗിക്കൊപ്പം 2 കൂട്ടിരിപ്പുകാരെ അനുവദിക്കൂ. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി. മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസുകള്‍ നിര്‍ത്തി. ഒരാഴ്ചത്തേക്ക് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വാര്‍ഡുകള്‍ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു.
അത്യാഹിത വിഭാഗത്തിനു മുകളിലെ 2 നിലകളില്‍ പൂര്‍ണമായും കോവിഡ് ബാധിതരെ കിടത്തും. 9-ാം വാര്‍ഡ് ഏറ്റെടുക്കും. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കു മാത്രമേ കിടത്തി ചികിത്സ നല്‍കൂ. നൂറിലേറെ വെന്റിലേറ്ററുകളും ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളും ആശുപത്രിയിലുണ്ട്.