തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. രൂക്ഷമായ ഭാഷയില്‍ പിണറായി വിജയനെ വിമര്‍ശിച്ചുള്ള കത്ത് സുധാകരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളാണ് അതിന് കാരണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു. പിണറായിയുടെ അഭാവത്തില്‍ മരുമകന്‍ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നും സുധാകരന്‍ പരിഹസിക്കുന്നു.
കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.
അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.
തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.
എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.