ഹൂസ്റ്റന്‍: വളര്‍ത്തു നായയുമായി രാത്രി 9 മണിയോടെ നടക്കാന്‍ ഇറങ്ങിയ പതിനാറു വയസ്സുള്ള കാമുകിക്കു നേരെ 22 തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി പതിനൊന്നിന് നടത്തിയ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ജനുവരി 17 ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്.
ഡയമണ്ട് അല്‍വാറസ് എന്ന പതിനാറുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫ്രാങ്ക് ഡിലിയോണ്‍ എന്ന പതിനേഴുകാരനാണ് കൃത്യം നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഫ്രാങ്ക് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ഡയമണ്ട് മനസ്സിലാക്കി. ഇതിനെ കുറിച്ചു സംസാരിക്കുന്നതിന് ടെക്സ്റ്റ് മെസേജ് അയച്ച് ഫ്രാങ്കിനോട് ഹൂസ്റ്റന്‍ പാര്‍ക്കില്‍ എത്താന്‍ ഡയമണ്ട് ആവശ്യപ്പെട്ടു. പാര്‍ക്കിനടുത്തു തന്നെ താമസിച്ചിരുന്ന ഡയമണ്ട് രാത്രി വളര്‍ത്തു നായയ്‌ക്കൊപ്പം പാര്‍ക്കിനെ ലക്ഷ്യമാക്കി നടന്നു.
അതേസമയം, അവിടെ എത്തിയ ഫ്രാങ്ക് ഡയമണ്ടിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വളര്‍ത്തു നായ തിരിച്ചെത്തിയതോടെയാണ് മരണവാര്‍ത്ത വീട്ടുകാര്‍ അറിഞ്ഞത്. വെടിവെച്ചതിനുശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് പല സ്ഥലത്തും അന്വേഷിച്ചുവെങ്കിലും ഒടുവില്‍ സംഭവ സ്ഥലത്തുനിന്നും വളരെ ദൂരയല്ലാത്ത സ്ഥലത്തു നിന്നാണ് ഫ്രാങ്കിനെഅറസ്റ്റു ചെയ്തത്.
ജനുവരി 19 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. ജിപിഎസ് മോണിറ്ററിംഗ് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെ ഫ്രാങ്കിനെ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറക്കി.