ലണ്ടന്‍: കേസുകളില്‍നിന്നു രക്ഷപ്പെടാന്‍ സ്വന്തം ചരമവാര്‍ത്ത പ്രസിദ്ധീകരിച്ചു രാജ്യംവിട്ട അമേരിക്കന്‍ യുവാവ് സ്കോട്ലന്ഡില് ജയിലിലായി. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിയായ നിക്കോളാസ് അലവെര്‍ദിയന്‍ (34) പല പേരുകളില്‍ സ്കോട്ലന്ഡില് കഴിയുകയായിരുന്നു.
യുഎസില്‍ കേസുകളില്‍ കുടുങ്ങിയതോടെ, താന്‍ ഗുരുതര രോഗബാധിതനാണെന്ന് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞ നിക്കോളാസ്, 2020 ഫെബ്രുവരി 29ന് ഓണ്‍ലൈനില്‍ തന്റെ ചരമക്കുറിപ്പും പ്രസിദ്ധീകരിച്ചു. ഇതു തട്ടിപ്പാണെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു. തുടര്‍ന്നു യുഎസില്‍നിന്നു സ്കോട്ലന്‍ഡിലേക്കു മുങ്ങിയ കക്ഷി ഡിസംബറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ പിടിയിലായി.
ചികിത്സ തുടരാന്‍ അന്നു കോടതി ജാമ്യം അനുവദിച്ചു. ആശുപത്രിയില്‍നിന്ന് മുങ്ങിയ പ്രതിയെ വ്യാഴാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ കോടതി ജാമ്യം നല്‍കാതെ ജയിലിലേക്കയച്ചു. ഫെബ്രുവരിയില്‍ നാടുകടത്തല്‍ നടപടികള്‍ തുടങ്ങും.