പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കൊക്കാട്ട് പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്(24) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ടുപേരും ജ്യേഷ്ഠാനുജന്മാരാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ; ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഉണ്ണി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒരു വിവാഹച്ചടങ്ങില്‍വച്ച് വിദ്യാര്‍ഥിനികളില്‍ ഒരാളുമായി പരിചയപ്പെട്ടു. അവിടൈവച്ച് മൊബൈല്‍ നമ്പരുകള്‍ പരസ്പരം കൈമാറി. വൈകാതെ ഇരുവരും പ്രണയത്തിലായി. ഇതിനിടെ ഇയാള്‍ രണ്ട് തവണ പെണ്‍കുട്ടിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി. ഈ പെണ്‍കുട്ടി വഴി ഉണ്ണിയുടെ സഹോദരന് കണ്ണന് സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഇതും പിന്നീട് ഇരുവരുടെയും പ്രണയബന്ധമായി വളരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയായിരുന്നു.