ചാവക്കാട്: പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച സിപിഎം വനിതാ നേതാവ് മൂന്നാം ദിവസം പാര്‍ട്ടിയില്‍ തിരിച്ചെത്തി. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഒരുമനയൂര്‍ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷയുമായ കെ.എച്ച്. കയ്യുമ്മുവാണ് ദിവസങ്ങള്‍ക്കകം നിലപാടുമാറ്റി തിരിച്ചെത്തിയത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും നിര്‍വഹിക്കുമെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകയായിരിക്കുമെന്നും കയ്യുമ്മു പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎം നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും സ്ഥാനങ്ങളും രാജിവച്ചതായി വ്യാഴാഴ്ചയാണ് കയ്യുമ്മു പ്രഖ്യാപിച്ചത്. ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നശേഷമാണ് രാജിക്കാര്യം കയ്യുമ്മു മാധ്യമങ്ങളോടു പറഞ്ഞത്. ഒരുമനയൂരില്‍ സിപിഎം ചില കോക്കസിന്റെ പിടിയിലാണെന്നും തന്നെ നോക്കുകുത്തിയാക്കിയാണ് ഇവര്‍ ഭരണം നടത്തുന്നതെന്നും കയ്യുമ്മു ആരോപിച്ചിരുന്നു.
പാര്‍ട്ടി ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്നുണ്ടായ ഈ പരസ്യപ്രതികരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതോടെയാണ് നേതൃത്വം ഇടപെട്ട് കയ്യുമ്മുവിനെ അനുനയിപ്പിച്ചതെന്നു കരുതുന്നു. നേരത്തെ നടത്തിയതുപോലുള്ള പരസ്യപ്രതികരണവും വിമര്‍ശനവും ഇനി പാടില്ലെന്ന ശക്തമായ താക്കീതും പാര്‍ട്ടി നല്‍കിയെന്നാണ് സൂചന. കയ്യുമ്മു നേരത്തെ മുസ്‌ലിം ലീഗ് നേതാവും 1995ല്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.