അടൂര്‍(കൊടുമണ്‍): അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഐ പ്രാദേശിക നേതാക്കളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയറ്റംഗം എന്‍.കെ.ഉദയകുമാര്‍ എന്നിവരെ മര്‍ദിക്കുന്നതും ചവിട്ടുന്നതുമായ ദൃശ്യങ്ങളാണ് തിരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ചയ്ക്കു ശേഷം പുറത്തായത്. പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സിപിഐ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ സഹിതം സിപിഐ വീണ്ടും പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. സിപിഎം കള്ളവോട്ട് ചെയ്യുന്നതായി സിപിഐ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കല്ലേറിലും മര്‍ദനത്തിലും ഇരു വിഭാഗത്തിലുമുള്ള ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നു.
ഇന്‍സ്പെക്ടര്‍ എസ്.മഹേഷ്കുമാര്‍ ഉള്‍പ്പെടെ 2 പൊലീസുകാര്‍ക്കും പരുക്കേറ്റു. സുരേഷ് ബാബു, എന്‍.കെ.ഉദയകുമാര്‍ എന്നിവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും എഐവൈഎഫ് മേഖലാ സെക്രട്ടറി ജിതിന് മോഹന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി അങ്ങാടിക്കല്‍ വടക്ക്, ഐക്കാട് പ്രദേശങ്ങളില്‍ സിപിഐ നേതാക്കളുടെ വീടിനു നേരെയും ആക്രമണം നടന്നു.
പ്രതികളെ പിടികൂടാത്തതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അടൂര്‍ ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധം വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. കൊടുമണ്‍, അങ്ങാടിക്കല്‍ പ്രദേശത്ത് ഏതാനും സിപിഎം പ്രവര്‍ത്തകര്‍ അടുത്തിടെ സിപിഐയില്‍ ചേര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അങ്ങാടിക്കല്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് സിപിഐ 5 എണ്ണത്തില്‍ മത്സരിക്കുകയായിരുന്നു. 30ന് നടക്കുന്ന കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം പാനലിനെതിരെ 3 സീറ്റില്‍ സിപിഐ മത്സരിക്കുന്നുണ്ട്.