കൊച്ചി: രാത്രിയില്‍ കേസ് പരിഗണിച്ച് തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. ആദ്യമായാണ് കേരള ഹൈക്കോടതി രാത്രിയില്‍ സിറ്റിങ് നടത്തുന്നത്. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട എംവി ഓഷ്യന്‍ റേസ് കപ്പല്‍ തുറമുഖം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കപ്പലില്‍ വെള്ളം വിതരണം ചെയ്ത കമ്പനി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി രാത്രി അടിയന്തരമായി തീര്‍പ്പാക്കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടരക്കോടി രൂപ ലഭിക്കാനുണ്ടെന്നു കാട്ടി കൊച്ചിയിലെ ഒരു സ്ഥാപനമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ കപ്പലിന്റെ യാത്ര അടിയന്തരമായി തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇന്നു പുലര്‍ച്ചെ കപ്പല്‍ കൊച്ചി വിടുന്നതിനാലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അടിയന്തരമായി രാത്രിയില്‍ കേസ് പരിഗണിച്ചത്. ഒരു മണിക്കൂറോളം സിറ്റിങ് തുടര്‍ന്നു.
തുടര്‍ന്ന് കപ്പലിന്റെ യാത്ര തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന് കോടതി നിര്‍ദേശം നല്‍കി. അമ്പലമുകള്‍ എഫ്‌ഐസിടിയിലേക്ക് ചരക്കുമായി എത്തിയതായിരുന്നു കപ്പല്‍.