ഉപയോക്താക്കള്‍ ഗൂഗിളിലെ ലൊക്കേഷന്‍ അനുമതി നിര്‍ത്തിവച്ചാലും ഉപയോക്താക്കളുടെ സ്ഥലവിവരങ്ങളും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും മറ്റും ഗൂഗിള്‍ ശേഖരിക്കുകയും അത് മറ്റ് ആവശ്യങ്ങള്‍ക്കായി പങ്കിടുന്നതായും ആരോപണം. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോര്‍ണി ജനറല്‍ കാള്‍ എ റസീന്‍ (ഡി)യുടെ നേതൃത്വത്തില്‍ മൂന്ന് യുഎസ് സംസ്ഥാനങ്ങളിലെ നാല് അറ്റോര്‍ണി ജനറല്‍മാരാണ് ഗൂഗിളിനെതിരെ പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളുടെ സ്ഥലവിവരങ്ങള്‍ എങ്ങനെ നിരീക്ഷിക്കുന്നുവെന്നും അത് കമ്പനി എങ്ങനെ ഉപയോഗിക്കുന്നുവെന്നും ട്രാക്കിങ് നിര്‍ത്തി വെക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന അവകാശവാദത്തെത്തെ ഗൂഗിള്‍ കബളിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കേസ്.
ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളുടെ ഏതൊക്കെ ഭാഗങ്ങളാണ് കമ്പനി ശേഖരിക്കുന്നത്, ശേഖരിക്കുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നത് എന്നതിന്റെ പൂര്‍ണ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെയാണ് എന്ന വിശ്വസിപ്പിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും പുതിയ ആരോപണത്തില്‍ ഉള്‍പ്പെടുന്നു.എന്നിരുന്നാലും ഗൂഗിളിന്റെ സംരംഭങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും അതില്‍ നിന്ന് ലാഭം നേടുന്നതില്‍ നിന്നും ഗൂഗിളിനെ തടയാന്‍ കഴിയില്ലെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ബിസിനസ്സ് കൂടുതല്‍ വളര്‍ത്തുന്നതിനായി, ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ സംരംഭങ്ങള്‍ വഴിയോ ഉല്‍പ്പന്നങ്ങള്‍ വഴിയോ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും ശേഖരിക്കുന്നതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഈ വിവരങ്ങള്‍ കമ്പനി പിന്നീട് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
‘ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്ങുകള് മാറ്റുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനും നിയന്ത്രിക്കാനും ഗൂഗിള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനും സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. ഗൂഗിളിന്റെ പ്രാതിനിധ്യത്തിന് വിരുദ്ധമായി, ഉപഭോക്താക്കളെ വ്യവസ്ഥാപിതമായി നിരീക്ഷിക്കുകയും ഉപഭോക്തൃ വിവരങ്ങളില്‍ നിന്ന് ലാഭം നേടുകയും ചെയ്യുന്നു എന്നതാണ് സത്യം’ എന്ന് ഡിസി അറ്റോര്‍ണി ജനറല്‍ കാള്‍ റസീന്‍ പ്രസ്താവനയില്‍ ആരോപിച്ചു.ഗൂഗിളിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതികളുടെ വിശദാംശങ്ങള്‍ മറച്ചുവെക്കാനും ഉപഭോക്താക്കളെ നിരീക്ഷക്കുന്നതില് നിന്ന് വിട്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടാക്കാനും ശക്തമായ സാമ്പത്തിക പ്രോത്സാഹനം ഗൂഗിളിന് ലഭിക്കുന്നതായും ആരോപണത്തില്‍ ഉന്നയിക്കുന്നു.
എന്നാല്‍ ആരോപണങ്ങളെ തീര്‍ത്തും നിഷേധിക്കുന്നതായി ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. ഗൂഗിളിന്റെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്ത ക്ലെയിമുകളുടെയും കാലഹരണപ്പെട്ട അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ ഒരു കേസ് കൊണ്ടുവരുന്നത്.കമ്പനിയുടെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്തതും കാലഹരണപ്പെട്ടതുമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ കേസ് കൊണ്ടുവന്നത്. ഗൂഗിള്‍ അവരുടെ സംരംഭങ്ങളില്‍ സ്വകാര്യത നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയും ലൊക്കേഷന്‍ വിവരങ്ങളുടെ ശേഖരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതായി ഗൂഗിളിന്റെ നയരൂപകരണ വക്താവ് ജോസ് കാസ്റ്റനേഡ വ്യക്തമാക്കി.
ഇതിന് മുന്‍പും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും അത് ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനും ഗൂഗിള്‍ നിയമ നടപടികള്‍ നേരിട്ടിട്ടുണ്ട്.