150 കോടി മുതല്‍ മുടക്കില്‍ ബാഹുബലി സീരിസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്ലിക്സ്. രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മിക്കുമെന്ന് സംവിധായകന് രാജമൗലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം സീരീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ടീം. ചിത്രീകരിച്ച വിഷ്വല്‍സ് ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണന് അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്.
എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് ‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്ങ് പ്രഖ്യാപിച്ചത്.ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പരയില്‍ കേന്ദ്രകഥാപാത്രമായി മൃണാള്‍ താക്കൂറിനെ നിശ്ചയിച്ചു. 2021 ല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കുനാല്‍ ദേശ്മുഖ്, റിബു ദസ്ഗുപ്ത എന്നീ സംവിധായകര്‍ക്ക് പകരക്കാരനായി ദേവ കട്ട എത്തി. ദേവകട്ട സംവിധാനം ചെയ്യുന്ന പരമ്പരയില്‍ പിന്നീട് രാഹുല്‍ ബോസും അതുല്‍ കുല്‍ക്കര്‍ണിയും ചേര്‍ന്നു. ഹൈദരാബാദില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റിലായിരുന്നു 100 കോടിയിലധികം ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം.