പത്തനംതിട്ട: ഹരിദ്വാറിലെ വീഡിയോ ദൃശ്യങ്ങളില്‍ കണ്ട സന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന സംശയത്തില്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറിലേക്ക്.ക്രൈംബ്രാഞ്ച് കുറുപ്പിന്റെ ഫയല്‍ ഏതാണ്ട് ക്ലോസ് ചെയ്തിരുന്നു. അപ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമയുടെ വരവ്. അതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും വേ്‌ളാഗര്‍മാരുമെല്ലാം ചേര്‍ന്ന് ഉള്ളതും ഇല്ലാത്തതുമായ കുറുപ്പ് കഥകള്‍ അനേകം പടച്ചു വിട്ടു.
അതിനിടെയാണ് വ്യത്യസ്തമായ ഒരു വെളിപ്പെടുത്തല്‍ പുറത്തു വന്നത്. പത്തനംതിട്ട ബിവറേജസ് മദ്യവില്‍പ്പന ശാലയുടെ മാനേജര്‍ വെട്ടിപ്രത്തുകാരന്‍ റംസീന്‍ അഹമ്മദിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ സദാപുരയില്‍ തനിക്കൊപ്പം കൂട്ടുകൂടി നടന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നായിരുന്നു റംസീന്‍ വെളിപ്പെടുത്തിയത്.ഇയാള്‍ കുറുപ്പാണെന്ന് സംശയിക്കത്തക്ക വിവരങ്ങളും അദ്ദേഹം പങ്കു വച്ചു. പലപ്പോഴും പലരും അവകാശപ്പെട്ടതു പോലെയുള്ള കുറുപ്പാകും ഇതെന്ന് കരുതി അന്വേഷണ സംഘം ഈ വെളിപ്പെടുത്തല്‍ മുഖവിലയ്ക്ക് എടുത്തില്ല. താന്‍ പറഞ്ഞ സന്യാസിയുടെ വീഡിയോ പുറത്തു വിട്ട് റംസീന്‍ വീണ്ടും ഞെട്ടിച്ചു. ഇതോടെ കുറുപ്പ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐഡി സംഘം ഉണര്‍ന്നെണീറ്റു.
ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എസ്. നുമാന്‍ കേസന്വേഷണം ഏറ്റെടുത്തു. അടച്ചു വച്ചിരുന്ന കുറുപ്പ് ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ്. നുമാനും സംഘവും ഉടന്‍ തന്നെ ഹരിദ്വാറിലേക്ക് തിരിക്കും. അവിടെ നിന്ന് സദാപുരയിലും അന്വേഷണം നടത്തും.2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീന്‍ അവകാശപ്പെട്ടത്. നടന്ന ആ സംഭവം ഓര്‍ത്തെടുത്ത് വിശദമായി പറഞ്ഞുവെങ്കിലും തെളിവിന് ഹാജരാക്കാന്‍ താന്‍ സംശയിക്കുന്നയാളുടെ ചിത്രങ്ങളൊന്നും തന്നെ ഹാജരാക്കാന്‍ റംസീന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, അയാളുടെ ബാഗും വാച്ചുമൊക്കെ നാട്ടില്‍ കൊണ്ടു വന്ന് കുറുപ്പിന്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിന് നല്‍കാന്‍ വേണ്ടി ആലപ്പുഴ എസ്പിക്ക് കൈമാറിയിരുന്നു.
കുറുപ്പെന്ന് കരുതുന്നയാള്‍ തനിക്കൊപ്പം താമസിക്കുമ്പോള്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ വച്ച് ഇയാള്‍ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്ന് റംസീന് ഉറപ്പായിരുന്നു. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു ഇയാളുടെ ദൃശ്യം പതിയാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവല്‍ വ്ളോഗുകളും ഇയാള്‍ പരിശോധിച്ച് വരികയായിരുന്നു.അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇയാളുടെ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു ദൃശ്യം ഇയാളുടെ കണ്ണില്‍പ്പെട്ടത്. തനിക്കൊപ്പം സദാപുരയില്‍ കഴിഞ്ഞിരുന്ന അതേ ആള്‍ ഹരിദ്വാറില്‍! കാവിജുബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തില്‍ ചെറുതും വലുതുമായ രുദ്രാക്ഷ മാലകള്‍. കൈയില്‍ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീന്‍ ശ്രദ്ധിച്ചിരുന്നു.
അതിനുള്ളില്‍ വടിവാളാണ്. അധികമാര്‍ക്കും അറിയാത്ത രഹസ്യമാണത്. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീന്‍ വീഡിയോ ദൃശ്യം കട്ട് ചെയ്ത് സുകുമാരക്കുറുപ്പിന്റെ അയല്‍വാസിക്ക് അയച്ചു കൊടുത്തു. ഇത് കുറുപ്പ് തന്നെയാണെന്ന് അയാള്‍ സാക്ഷ്യം പറയുന്നു. പക്ഷേ, ഈ സന്യാസിയെ കണ്ടെത്തി തെളിയിക്കും വരെ കുറുപ്പാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.