
ന്യൂഡല്‍ഹി: വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കര്‍ഷകര്‍ക്ക് പന്ത്രണ്ടക്കമുള്ള സവിശേഷ നമ്പറും തിരിച്ചറിയല്‍ രേഖയും നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം സുഗമമായി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര കൃഷിമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങളിലെ വിവരശേഖരണം പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളം, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലേത് വരുംമാസങ്ങളില്‍ പൂര്‍ത്തിയാവും.
കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, വായ്പസൗകര്യം തുടങ്ങിയവയെല്ലാം തടസ്സമില്ലാതെ ലഭ്യമാക്കും. സംഭരണ നടപടികള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത് സഹായകമാവും. രാജ്യത്തെ എട്ടുകോടി കര്‍ഷകരുടെ വിവരശേഖരം പൂര്‍ത്തിയായാല്‍ സവിശേഷ തിരിച്ചറിയല്‍സംഖ്യ നടപ്പാക്കും. പി.എം. കിസാന്‍പോലുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി കര്‍ഷകരുടെ വിവരശേഖരണവും ലക്ഷ്യമിടുന്നതായി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വിവേക് അഗര്‍വാള്‍ വ്യക്തമാക്കി.
പി.എം.-കിസാന്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ഫസല്‍ ബീമ യോജന തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങളെല്ലാം നിലവില്‍ സംസ്ഥാനങ്ങളിലെ ഭൂരേഖകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ മാസമാദ്യം നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. മന്ത്രാലയം അഞ്ചരക്കോടി കര്‍ഷകരുടെ വിവരം ശേഖരിച്ചതായും ഇത് എട്ടു കോടിയാക്കി വര്‍ധിപ്പിക്കുമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ യോഗത്തില്‍ അറിയിക്കുകയുമുണ്ടായി.