ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച്, സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പകരം ടാറ്റയുടെ അംഗങ്ങള്‍ ചുമതലയേറ്റു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിനു വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്‌സ്പ്രസും, എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറും.
സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ് നേതൃത്വം നല്‍കിയ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയര്‍ ഇന്ത്യ കമ്പനി ഓഹരികള്‍ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില.
നിലവില്‍ 4,400ഓളം ആഭ്യന്തര സര്‍വീസുകളും 1,800 രാജ്യാന്തര സര്‍വീസുകളും എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. 1932ല്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സ് പിന്നീട് 1946ലാണ് എയര്‍ ഇന്ത്യ എന്നു പേരു മാറ്റുന്നത്. 1953ല്‍ ഇതിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആര്‍.ഡി ടാറ്റ ചെയര്‍മാനായി തുടര്‍ന്നു.