വാഷിങ്ടന്‍: യുക്രെയ്‌നെ ആക്രമിച്ചാല്‍ പടിഞ്ഞാറന്‍ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റഷ്യയുടെ പ്രധാന വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങുമെന്ന് യുഎസ് മുന്നറിയിപ്പ്. അധിനിവേശം നടത്തിയാല്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്നും ജര്‍മനിയിലേക്ക് പോകുന്ന നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ ആണ് യുഎസ് തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. സമീപകാലത്താണു റഷ്യയില്‍നിന്നുള്ള ഈ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായത്. വാതകവിതരണം ആരംഭിച്ചിട്ടുമില്ല.
നിലവില്‍ 27 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രകൃതി വാതക ഇറക്കുമതിയുടെ 40 ശതമാനത്തോളം റഷ്യയില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷം ഇറക്കുമതിയില്‍ കുറവു വന്നതോടെ യൂറോപ്പില്‍ ഇന്ധന വില കുതിച്ചുയരുകയും ചെയ്തു. റഷ്യയില്‍നിന്നുള്ള വാതക പൈപ്പ് ലൈനുകളിലേറെയും യുക്രെയ്ന്‍ വഴിയാണു യൂറോപ്പിലേക്ക് എത്തുന്നത്. അവിടം യുദ്ധമേഖലയാകുന്നത് യൂറോപ്പിന് ഹിതകരമല്ല. മറ്റൊന്ന് ജര്‍മനിയുടെ നിലപാടാണ്. റഷ്യയുമായി പിണങ്ങാന്‍ ജര്‍മനിക്കു തീരെ താല്‍പര്യമില്ല. നല്ല റഷ്യാബന്ധം യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക താല്‍പര്യമാണ്. എന്നാല്‍ യുക്രെയ്‌നില്‍ അധിനിവേശം നടത്താനുള്ള നീക്കം ബ്രിട്ടനേയും യൂറോപ്യന്‍ യൂണിയനേയും യുഎസിനേയും കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് പ്രേരിപ്പിക്കുകയാണ്.
ആക്രമണ നീക്കമില്ലെന്ന് റഷ്യ ആവര്‍ത്തിക്കുമ്പോഴും യുക്രെയ്‌നിന്റെ അതിര്‍ത്തികളില്‍ വന്‍ സൈനിക സന്നാഹമാണു റഷ്യ നടത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്‌നിന്റെ മൂന്ന് അതിര്‍ത്തികളിലും സജ്ജരായിട്ടുണ്ട്. ടാങ്കുകളും മിസൈലുകളും യുദ്ധസാമഗ്രികളും വിന്യസിച്ചുകഴിഞ്ഞു. മറുവശത്ത് യുഎസിന്റെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങളും പടയൊരുക്കും നടത്തുകയാണ്.