ദുബായ് :യാത്ര-ചരക്കുനീക്ക മേഖലകളില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുന്ന ഇത്തിഹാദ് റെയില്‍ യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു കുതിപ്പേകുമെന്ന് സിഇഒ ഷാദി മാലിക്. വിവിധ എമിറേറ്റുകളിലെ പ്രധാനമേഖലകളെ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല വിനോദസഞ്ചാരത്തിനും വന്‍നേട്ടമാകും.കുറഞ്ഞ ചെലവിലും കൂടുതല്‍ വേഗത്തിലും യാത്ര ചെയ്യാമെന്നതിനാല്‍ രാജ്യാന്തര സന്ദര്‍ശകര്‍ക്കും യാത്രകള്‍ എളുപ്പമാകുമെന്ന് ദുബായ് ഇന്റര്‍നാഷനല്‍ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തില്‍ (ഡിഐപിഎംഫ്) വ്യക്തമാക്കി. വ്യവസായ മേഖലകള്‍, ഫ്രീസോണ്‍, തുറമുഖങ്ങള്‍, എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ചരക്കുനീക്കം വേഗത്തിലാകുകയും റോഡുകളില്‍ ട്രക്കുകളുടെ തിരക്ക് ഒഴിവാകുകയും ചെയ്യും.
അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സില മുതല്‍ വടക്കന്‍ എമിറേറ്റുകളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളെയും കൂട്ടിയിണക്കുന്ന തന്ത്രപ്രധാന പാതയാണിത്. സൗദി റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ചരക്കുനീക്കത്തിനാകും മുന്‍ഗണന.
വടക്കന്‍ എമിറേറ്റുകളിലെ ക്വാറികളില്‍ നിന്ന് പ്രതിവര്‍ഷം 35ലക്ഷം ടണ്ണിലേറെ നിര്‍മാണ വസ്തുക്കള്‍ ദുബായിലും അബുദാബിയിലും എത്തിക്കാനാകുന്നതോടെ ട്രക്കുകളുടെ ഒരുലക്ഷത്തിലേറെ ട്രിപ്പുകള്‍ ഒഴിവാകും. നിര്‍മാണ മേഖലയിലെ ചെലവുകള്‍ കുറയുന്നതും നേട്ടമാകുമെന്ന് ഷാദി മാലിക് ചൂണ്ടിക്കാട്ടി.