ന്യൂഡല്‍ഹി: മുസാഫര്‍നഗറിലേക്കുള്ള തന്റെ ഹെലികോപ്റ്റര്‍ ഡല്‍ഹിയില്‍ തടഞ്ഞ നടപടിയില്‍ ബിജെപിക്കെതിരെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് പരാജയപ്പെട്ട ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
‘എന്റെ ഹെലികോപ്റ്റര്‍ ഒരു കാരണവുമില്ലാതെ ഡല്‍ഹിയില്‍ പിടിച്ചിട്ടു. മുസാഫര്‍നഗറിലേക്ക് പോകുന്നതില്‍ തടസ്സം അനുഭവപ്പെട്ടു. എന്നാല്‍ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റര്‍ പറന്നുയരുകയും ചെയ്തു. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. അവരുടെ നിരാശയുടെ തെളിവാണ്’-ഉച്ചതിരിഞ്ഞ് 2.30ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഹെലികോപ്റ്ററിനു മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തു.
അരമണിക്കൂറിനു ശേഷം ചെയ്ത മറ്റൊരു ട്വീറ്റില്‍ ‘അധികാര ദുര്‍വിനിയോഗം പരാജയപ്പെടുന്ന ആളുകളുടെ സ്വഭാവമാണ്. ഈ ദിവസം സമാജ്വാദി പാര്‍ട്ടിയുടെ പോരാട്ട ചരിത്രത്തില്‍ രേഖപ്പെടുത്തും. ഞങ്ങളിപ്പോള്‍ വിജയത്തിലേക്ക് വിമാനം പറത്താന്‍ ഒരുങ്ങുകയാണെ’ന്ന് അഖിലേഷ് യാദവ് പറഞ്ഞു.