ന്യൂഡല്‍ഹി: ചാര സോഫ്റ്റ്വെയര്‍ ആയ പെഗസസ് ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്വെയര്‍ വാങ്ങിയത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) സോഫ്റ്റ്വെയര്‍ വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സോഫ്റ്റ്വെയര്‍ ആഗോളതലത്തില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. മെക്‌സിക്കോ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പത്രപ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചു. പോളണ്ട്, ഹംഗറി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും പെഗസസ് വാങ്ങി. 2017 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയതാണ് ചാര സോഫ്റ്റ്വെയര്‍ ഇടപാടിലെ സുപ്രധാന ചുവടുവയ്പ്പ്.
2 ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടിനാണ് അന്ന് ഇരുരാജ്യങ്ങളും ധാരണയായത്. ഇതില്‍ ചാര സോഫ്റ്റ്വെയറും ഉള്‍പ്പെട്ടിരുന്നു. 2019 ജൂണില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചു. ഇതിനു ശേഷം ആദ്യമായി പലസ്തീന്‍ വിഷയത്തില്‍ യുഎന്നില്‍ ഇസ്രയേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ പുതിയ വിവരങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല.
പെഗസസ് വിഷയം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തം സമിതിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.