തിരുവനന്തപുരം: വനിതകളായ പഞ്ചായത്ത് പ്രസിഡന്റും മെംബറും കട്ടില്‍ വിതരണത്തെച്ചൊല്ലി ഉദ്ഘാടന സമയത്ത് തമ്മിലടിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് താജുലിസയും ഭരണകക്ഷി അംഗം ലാലിജയുമാണ് തമ്മിലടിച്ചത്. അസഭ്യം പറഞ്ഞ് ആക്രമിച്ചെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പരാതിയില്‍ ലാലിജയ്‌ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് പ്രതിനിധികളാണ് ഇരുവരും.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഓരോ വാര്‍ഡിലും 3 കട്ടില്‍ കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു തമ്മിലടി. കട്ടില്‍ കൊടുക്കണമെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. 4 വാര്‍ഡിലുള്ളവര്‍ക്കായിരുന്നു വ്യാഴാഴ്ച വിതരണം നിശ്ചയിച്ചിരുന്നത്. ലാലിജ ആവശ്യമായ രേഖകള്‍ പഞ്ചായത്തില്‍ നല്‍കാതെ 3 കട്ടില്‍ വേണമെന്ന് ആവശ്യപ്പെട്ടതായാണ് ആക്ഷേപം. രേഖ തന്നാല്‍ മാത്രമേ കൊടുക്കൂ എന്ന് പഞ്ചായത്ത് നിലപാടെടുത്തു. കട്ടില്‍ ബലമായി എടുക്കാന്‍ ശ്രമിച്ചതോടെയാണ് അടി ഉണ്ടായത്. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷം അവസാനിച്ചു.