ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല. ബെംഗളൂരുവില്‍ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായി. രോഗം ഭേദമാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം 2 ശതമാനമായി ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സ്കൂളുകളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രതികരിച്ചു. 50 ശതമാനം ജീവനക്കാരുടെ പ്രാതിനിധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. തിയറ്റുകള്‍, ഓഡിറ്റേറിയം, ജിംനേഷ്യങ്ങള്‍, മള്‍ട്ടിപ്ലക്സ്, നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയവ 50 ശേഷിയില്‍ തുറക്കാനാണ് അനുമതി.
മെട്രോ റെയില്‍,മറ്റു പൊതുഗതാഗത സംവിധാനങ്ങള്‍ സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിപ്പിക്കാം. വിവാഹ ചടങ്ങുകള്‍ക്ക് ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 200 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ പരമാവധി 300 പേര്‍ക്കും പങ്കെടുക്കാം. മതചടങ്ങുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം. സാമൂഹിക, മത, രാഷ്ട്രീയ റാലികള്‍, ധര്‍ണകള്‍, യോഗങ്ങള്‍, പ്രതിഷേധം തുടങ്ങിയവ അനുവദിക്കില്ല.