നിലമ്പൂര്‍: മമ്പാട് മധ്യവയസ്കയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും മാരകമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 17-കാരന് പിടിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പിന്‍വാതിലിലൂടെ കയറിവന്ന ഇയാള്‍ വീട്ടമ്മയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി. പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തു.
തോളെല്ലിനും തലയോട്ടിക്കും സാരമായി പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ നവീന്‍ ഷാജ്, എം. അസൈനാര്‍, എസ്.സി.പി.ഒ. എന്‍.പി. സുനില്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം കുറ്റാരോപിതനെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രാത്രി പത്തുമണിയോടെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് പോലീസില്‍ ബൈക്ക് മോഷണക്കേസില്‍ പിടിയിലായ ആളാണിത്.
മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് മഞ്ചേരിയിലെ ഷോപ്പിലും മറ്റൊന്ന് കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി ഇയാള്‍ പറഞ്ഞു. ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനായി മോഷണം നടത്താനാണ് എത്തിയതെന്നും ഇയാള്‍ പറഞ്ഞു. പിടിവലിക്കിടെ ഇയാളുടെ കൈത്തണ്ടയില്‍ കടിയേറ്റ പാടുണ്ട്. കുറ്റാരോപിതനെ തെളിവെടുപ്പിനുശേഷം ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കും. സംഭവസ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗവും സന്ദര്‍ശിച്ചു.