തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക ഈ മാസം തന്നെ അന്തിമമാക്കാന്‍ നേതൃത്വം തീരുമാനിച്ചു. 30നു മുന്‍പു പട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ചര്‍ച്ചകള്‍.
15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും പട്ടികയില്‍ ഉണ്ടാകും. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഇപ്പോഴുണ്ട്. അപ്പോള്‍ ആകെ ഭാരവാഹികള്‍ 23 ആകും. 28 പേരെ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തും. ആകെ 51 അംഗ സമിതി. നാല്‍പതോളം പേര്‍ ക്ഷണിതാക്കളും എക്‌സ്- ഒഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. 90 അംഗങ്ങളുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയെ പരോക്ഷ മാതൃകയാക്കി ഏതാണ്ട് അത്രയും പേരുള്ള കെപിസിസി നേതൃസമിതി എന്ന ആശയമാണു നേതൃത്വം ചര്‍ച്ച ചെയ്യുന്നത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി 2 വട്ടം ചര്‍ച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നടത്തി. ഇരു നേതാക്കളും അവരുടെ പട്ടിക അടുത്ത ദിവസം കൈമാറും. കണ്ണൂരില്‍നിന്നു സുധാകരന്‍ ഇന്നു തലസ്ഥാനത്ത് എത്തുന്നതോടെ ചര്‍ച്ചകള്‍ക്കു വീണ്ടും ഗതിവേഗമാകും. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കാനായി എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുടെ നിര്‍ദേശം പുതിയ നേതൃത്വം തേടിയിരുന്നു.
നേരത്തേ 5 വര്‍ഷമെങ്കിലും വൈസ് പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആയിരുന്നവരെ പുതിയ കമ്മിറ്റിയില്‍ പരിഗണിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അന്വേഷിച്ച കെപിസിസിയുടെ പഠന റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരെ മാറ്റി നിര്‍ത്തും.
ഡിസിസി പ്രസിഡന്റുമാരായി വനിതകള്‍ ഇല്ലാതായ സാഹചര്യം കൂടി കണക്കിലെടുത്തു കെപിസിസി ഭാരവാഹികളായി 2 പേരെങ്കിലും ഉണ്ടാകും. എണ്ണം ചുരുക്കുമ്പോള്‍ പുറത്തു പോകുന്നവരെ കൂടി വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്ന പുതിയ സമിതി എന്ന ആശയമാണ് നേതൃത്വത്തിന്റെ മനസ്സില്‍. ഒഴിവാക്കപ്പെടുനവരില്‍ പ്രധാനപ്പെട്ട ചിലരെ പരിഗണിക്കാന്‍ കൂടിയാണ് രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കുന്നത്.